1970 കാലഘട്ടത്തിലെ ഒരു ഓണക്കാലം. അക്കാലത്ത് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രൊഡ്യൂസറാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് ചേര്‍ത്തല ഗോപാലന് നായര്‍. ഒരു ദിവസം ഉച്ചയ്ക്ക് ചേര്‍ത്തല ഗോപാലന് നായരുടെ തൈക്കാട്ടുള്ള വീട്ടിലേക്ക് കുറെ അതിഥികള്‍ വന്നു. ആകാശവാണി സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംഗീത - കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ പ്രശസ്തരാണ് അവര്‍. കൂട്ടത്തില്‍ എസ്. ജാനകി, തിക്കുറിശി സുകുമാരന്‍ നായര്‍, തിക്കുറിശിയുടെ മകള്‍ കനകശ്രീ എന്നിവരുണ്ട്.
അച്ഛന് ചേര്‍ത്തല ഗോപാലന് നായര്‍ക്കൊപ്പം തങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുവരുന്ന അതിഥികളെ നോക്കിനിന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിയുണ്ട്. ശ്രീറാം. ഇന്നത്തെ പ്രശസ്ത പിന്നണി ഗായകന് ജി. ശ്രീറാം. അച്ഛനൊപ്പം വീട്ടിലേക്കു നടന്നുവന്നവരുടെ മഹത്വം അന്ന് ശ്രീറാമിന് അറിയുമായിരുന്നില്ല.
എന്നാല്‍ ഇന്നും ശ്രീറാമിന്റെ ഓര്‍മയില്‍ മായാതെ ചില രംഗങ്ങളുണ്ട്. അതില്‍ പ്രധാനം എസ്. ജാനകിയുടെ ഊഞ്ഞാലാട്ടമാണ്. പിന്നെ, ശ്രീറാമിന്റെ അമ്മ (മലയാള സിനിമയിലെ ആദ്യ പിന്നണിഗായികമാരില്‍ ഒരാളായ ലളിത തമ്പി) വച്ചുവിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്ന രംഗവും.
ജി. ശ്രീറാമിനെ കേള്‍ക്കാം... “തിരുവനന്തപുരത്ത്, തൈക്കാട് അച്ഛന് ആദ്യമായി പണികഴിപ്പിച്ച വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്ന കാലം. നല്ല നീളത്തിലുള്ള വീടായിരുന്നു അത്. ഓണക്കാലത്ത് മുറ്റത്ത് വടംകൊണ്ട് വലിയൊരു ഊഞ്ഞാല് കെട്ടും. മുറ്റത്തെ തെങ്ങിന്റെയും കമുകിന്റെയും ശിഖരങ്ങളിലേക്ക് വലിച്ചുകെട്ടുകയാണു പതിവ്. അതിനിടയില്‍ പറയട്ടെ, പശുക്കളെ വളര്‍ത്തുന്നത് അച്ഛന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു. പശുവിനെ കെട്ടാന്‍ വാങ്ങുന്ന വടംകൊണ്ടാണ് ഊഞ്ഞാല് കെട്ടുക. ഓലമടലാണ് ഊഞ്ഞാലിന്റെ പടിയായി ഉപയോഗിക്കുന്നത്.
ഊഞ്ഞാല്പ്പടിയിലേക്ക് കയറണമെങ്കില്‍ ചുറ്റുമുള്ളവര്‍ കയര്‍ താഴ്ത്തിപ്പിടിക്കണം. ഞങ്ങളുടെ വീടിന് മുന്നിലെത്തിയ ജാനകിയമ്മ ഊഞ്ഞാല് കണ്ടതും ചെറിയ കുട്ടികളെപ്പോലെ ആഹ്ലാദവതിയായി. എനിക്ക് ഊഞ്ഞാലാടണം എന്ന് ഗായിക പറഞ്ഞു. എന്റെ ചേച്ചിയുള്‍പ്പെടെയുള്ളവര്‍ ഊഞ്ഞാല് കയര്‍ താഴ്ത്തിപ്പിടിച്ചതും ഓര്‍മിക്കുന്നു. ഉടനെ തന്നെ ജാനകിയമ്മ ഊഞ്ഞാല്പ്പടിമേല് കയറി ഇരുന്ന് ആടാന്‍ തുടങ്ങി.
വെറുതെ ആടുകയല്ല, നിലത്ത് കാലൂന്നി വളരെ ശക്തിയായുള്ള ഊഞ്ഞാലാട്ടം. ജാനകിയമ്മ ആടും തോറും ഊഞ്ഞാല് മേലേക്ക് ഉയര്‍ന്നുതുടങ്ങി. അന്ന് ഒരു കൗതുകത്തോടെയാണ് ഞാന്‍ ആ ഊഞ്ഞാലാട്ടം നോക്കിനിന്നത്.
""പില്ക്കാലത്ത് ഇതിഹാസ ഗായികയുടെ പാട്ടുകള്‍ കേട്ടപ്പോള്‍ ഓരോ പാട്ടിനെക്കുറിച്ചും ആഴത്തില്‍ അറിയുമ്പോള്‍ എത്ര അപൂര്‍വ സുന്ദരനിമിഷത്തിനാണ് ഞാന്‍ സാക്ഷ്യം വഹിച്ചത് എന്ന കാര്യം ഓര്‍മിക്കാറുണ്ട്.'
പില്ക്കാലത്ത് ഓളങ്ങള്‍ എന്ന ചിത്രത്തിലെ ഒ.എന്‍.വി-ഇളയരാജ കൂട്ടുകെട്ടില്‍ പിറന്ന ‘തുമ്പീ വാ... തുമ്പക്കുടത്തിന് തുഞ്ചത്തായി ഊഞ്ഞാലിടാം ....' എന്ന ഗാനം പാടുമ്പോള്‍ ജാനകിയമ്മ ഈ ഊഞ്ഞാലാട്ടം ഓര്‍ത്തിരുന്നോ എന്നറിയില്ല. എന്നാല്‍ ‘ആകാശ പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം...' എന്ന വരികള്‍ പാടുമ്പോള്‍, ‘ ഊഞ്ഞാലെ പാടിപ്പോയി ആ കൈയ്യില്‍ ഈ കൈയ്യില്‍ ഒരുപിടി കയ്ക്കാത്ത നെല്ലിക്ക മണി തരു.. 'എന്നിങ്ങനെ അതിമനോഹരമായി ജാനകിയമ്മ പാടുമ്പോള്‍ ഞാന്‍ ജാനകിയമ്മയെ ഓര്‍മിക്കാറുണ്ട്. ആകാശത്തെ പൊന്നാലിന്റെ ഇലകളെ തഴുകാനെന്നപോലെ ഊഞ്ഞാലില്‍ മേലേയ്ക്ക് മേലേയ്ക്കുയര്ന്നു പൊങ്ങിയ മഹാഗായികയെ..!